ഇത്രയും ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്.
22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറക്കുന്നത് കൂടാതെ കക്കി ഡാമും ഉടനെ തുറക്കേണ്ട അവസ്ഥയാണെന്നും മറ്റു പല ഡാമുകളിലും റിസര്‍വോയര്‍ അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി അഡി.സെക്രട്ടറി പി.എച്ച്.കുര്യന്‍ നേത്യത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കും. ജില്ലകളില്‍ കളക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനം എകോപിപ്പിക്കും. കക്കി ഡാം തുറന്നാല്‍ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ നെഹ്റു ട്രോഫി വെള്ളം കളി മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
