മകര ജ്യോതി ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിക്കുമെന്ന് മല അരയ സഭ. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം.

മുരിക്കുംവയല്‍: ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധ സൂചകമായി മകര ജ്യോതി ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിക്കുമെന്ന് മല അരയ സഭ. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം. 

ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്ന് ഐക്യ മല അരയ മഹാസഭ വിശദമാക്കുന്നു. 1949 വരെ പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് മല അരയ സഭ വിശദമാക്കുന്നു.

പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ കുടുംബത്തിലേക്ക് എഎംഎഎംഎസ് നേതാവ് പി കെ സജീവ് ആദ്യ ദീപം പകരും. തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഗോത്രാചാരങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണിക്കല്‍ ആചാരങ്ങള്‍ കടന്നുവരുന്നത് പ്രതിരോധിക്കേണ്ടതാണെന്നും ദ്രാവിഡ സംസ്‌കൃതി പുനസ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 

നേരത്തെ ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് നടയടച്ച നടപടിയെ മല അരയ സമുദായം നിശിതമായി വിമര്‍ശിച്ചിരുന്നു.