മ്യാന്‍മര്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ളീംങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഹാങ് സാന്‍ സൂകിയോട് മലാല യൂസഫ് സായ്. വര്‍ഷങ്ങളായി ഈ ക്രൂരകൃത്യത്തിനെതിരെ താന്‍ പ്രതികരിക്കുന്നുണ്ടെന്നും തന്‍റെ പ്രിയപ്പെട്ട സമാധാന നൊബേല്‍ ജേതാവായ ആങ്ങ് സാന്‍ സൂകിയും പ്രതികരിക്കണമെന്നുമാണ് ട്വിറ്ററിലൂടെ മലാല ആവശ്യപ്പെടുന്നത്.

സൂകിയുടെ വാക്കുകള്‍ക്കായി ലോകം കാത്തിരിക്കുന്നെന്നും മലാല പറയുന്നു. റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്ക് നേരെ നടക്കുന്ന കലാപത്തെ തുടര്‍ന്ന് 90000 റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായാനം ചെയ്തത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വലിയ രീതിയിലുള്ള പീഡനത്തിന് ഇരകളാകുമ്പോഴും പ്രതികരണം നടത്താത്ത ഹങ്ങ് സാന്‍ സൂകിക്കെതിരെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഹങ്ങ് സാന്‍ സൂകിയുടെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കുന്നതിനായി ഇന്ത്യോനേഷ്യയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ നൊബേല്‍ കമ്മിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ആഗസ്റ്റ് 25 ന് റോഹിങ്ക്യകള്‍ക്ക് നേരെ നടന്ന ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നു എന്നാണ് ഈ വിഭാഗക്കാരുടെ അഭിപ്രായം. എന്നാല്‍ റോഹിങ്ക്യന്‍ തീവ്രവാദികള്‍ മ്യാന്‍മറിലെ ജനങ്ങളുടെ വീടുകള്‍ക്ക് തീയിടുകയാണെന്നും, സാധാരണക്കാരെ വകവരുത്തുന്നെന്നുമാണ് മ്യാന്‍മാര്‍ സര്‍ക്കാറിന്‍റെ വാദം.