തിരുവനന്തപുരം: മലപ്പുറത്ത് കോലീബി സഖ്യമെന്ന് വിഎസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയും സിപിഎമ്മും തമ്മിലാണ് ഒത്തുകളിയെന്നും ഭരണം വിലയിരുത്തുമെന്ന കോടിയേരിയുടെ പരാര്‍ശം പിണറായിക്കുള്ള മുന്നറിയിപ്പാണെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മതേതര നിലപാടിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചിത്രം തെളിഞ്ഞതിന് പിന്നാലെ മലപ്പുറത്ത് വാക് പോര് മുറുകി. കോലീബി കാര്‍ഡിറക്കിയാണ് സിപിഎം പ്രചാരണം ശക്തമാക്കുന്നത്.

സംസ്ഥാന ഭരണം വിലയിരുത്തപ്പടുമെന്ന കോടിയേരിയുടെ പ്രസ്താവനയുടെ സ്ഥാനാര്‍ത്ഥികളുടെ ശക്തി ദൗര്‍ബല്യങ്ങളും പോരുമുറുക്കാനുള്ള ആയുധങ്ങളായി. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രചാരണത്തിലൂന്നാനാണ് ഭരണം വിലയിരുത്തുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നാണ് സിപിഎം വിശദീകരണം. എന്നാലിത് പിണറായിക്കുള്ള കോടിയേരിയുടെ പണിയാണെന്നാണ് ബിജെപി വിലയിരുത്തല്‍.

മലപ്പുറത്ത് യുഡിഎഫ് ജയം ഉറപ്പിച്ചെന്ന് പറയുന്ന ചെന്നിത്തല അവിശുദ്ധ സഖ്യ ആരോപണങ്ങള്‍ തള്ളി.

സിപിഎം സ്ഥാനാര്‍ത്ഥി ദുര്‍ബ്ബലനാണെന്ന ആരോപണം ഉന്നയിക്കുന്ന കുമ്മനം സംസ്ഥാന നേതാവിനെ വെട്ടി പ്രാദേശിക സ്ഥാനാര്‍ത്ഥിയെ ഇറക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം നേരിടുന്നു. കുമ്മനത്തിന്റെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം അമിത്ഷാക്ക് പരാതി നല്‍കാനും നീക്കം നടത്തുന്നുണ്ട്.