തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന കെ.ആര്‍.മോഹനന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ സ്വദേശമായ തൃശൂരിലെ ചാവക്കാട് നടക്കും.

സിനിമയും സൗഹൃദവുമായിരുന്നു ചലച്ചിത്രപ്രേമികളുടെ പ്രിയപ്പെട്ട മോഹനേട്ടന്റെ ജീവവായു. ആഴ്ചകള്‍ക്ക് മുമ്പ് ഉദരരോഗം കലശലായി ആശുപത്രിയില്‍ കഴിയുമ്പോഴും കാണാനെത്തിയ ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകരോട് ചോദിച്ചിരുന്നത് അന്താരാഷ്‌ട്രാ ഹ്രസ്വചിത്രമേളയെ കുറിച്ച്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് അന്താരാഷ്‌ട്രാ ഹ്രസ്വചലച്ചിത്ര മേള തുടങ്ങുന്നത് കെആര്‍ മോഹനന്‍ അക്കാദമി ചെയര്‍മാനായ 2008ലാണ്.

എഴുപതുകളില്‍ പുത്തന്‍പ്രമേയങ്ങളും പരീക്ഷണങ്ങളുമായെത്തിയ നവസിനിമയുടെ അമരക്കാരിലൊരാളായിരുന്നു മോഹനന്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമെടുത്ത ആദ്യ സിനിമ 75 ല്‍ ഇറങ്ങിയ അശ്വത്ഥാമാ. മികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാറിന്രെ പുരസ്ക്കാരം നേടി. 87ല്‍ രണ്ടാം ചിത്രം പുരുഷാര്‍ത്ഥത്തിനും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമക്കുള്ള അവാര്‍ഡ് ലഭിച്ചു.

1992ല്‍ സ്വരൂപവും പിന്നെ ഒരുപാട് ഡോക്യുമെന്ററികളും. അന്താരാഷ്‌ട്രാ ചലച്ചിത്ര മേളയെ ജനകീയമാക്കുന്നതില്‍ മോഹനന്റെ പങ്ക് നിര്‍ണ്ണായകമാണ്. ജോണും ബക്കറും പവിത്രനും അടക്കമുള്ള നവ സിനിമാശ്രേണിയിലെ ഒരു കണ്ണി കൂടി ഓര്‍മ്മയായി. ഭാര്യ രാഗിണി നേരത്തെ മരിച്ചു.