കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്ര​ഫ. തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു. 'തപസ്യ' കലാവേദിയുടെ മുൻ അദ്ധ്യക്ഷൻ ആയിരുന്ന തുറവൂര്‍ പ്രഭാഷകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ശ്രദ്ധേയസംഭാവനകളാണ് നൽകിയത്.

മ​ഹാ​ഭാ​ര​ത​ത്തെ ലോ​ക ത​ത്വ​ചി​ന്ത​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന ര​ച​ന​ക​ളാ​യി​രു​ന്നു തു​റ​വൂ​രി​നെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ദീർഘകാലം മഹാരാജാസ് കോളേജിലെ അധ്യാപകനായി സേവനമനുഷ്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചിരുന്നു. 1943ല്‍ ​ചേ​ര്‍​ത്ത​ല​യ്ക്ക് സ​മീ​പം തു​റ​വൂ​രാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. 

സം​സ്കൃ​ത പ​ണ്ഡി​ത​നാ​യി​രു​ന്ന പി​താ​വി​ല്‍ നി​ന്നാണ് തു​റ​വൂ​ര്‍ ജ്യോ​തി​ശാ​സ്ത്ര​ത്തി​ലും ആ​യു​ര്‍​വേ​ദ​ത്തി​ലും വേ​ദാ​ന്ത​ത്തി​ലു​മെ​ല്ലാം അ​റി​വ് സ​മ്പാ​ദി​ച്ച​ത്. മൃതദേഹം രാവിലെ 10 മുതൽ 12 വരെ കൊച്ചി ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കൊച്ചിയിലെ വീട്ടിൽ വെളളിയാഴ്ച വൈകിട്ട് നടക്കും.