റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്. ദമ്മാമില്‍ നിന്ന് താമസ സ്ഥലമായ ഖാലിദിയയിലേക്കു സ്‌കൂട്ടറില്‍ പോയ മലയാളിയെയാണ് അടിച്ചു വീഴ്ത്തി മൊബൈല്‍ ഫോണും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അപഹരിച്ചത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി സുകുമാരന്‍ ജയചന്ദ്രനാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്തിനടുത്തുവെച്ചു കവര്‍ച്ചക്കാരുടെ ആക്രമണത്തിന് ഇരയായത്.
ദമ്മാമില്‍ നിന്ന് ഖാലിദിയ പോര്‍ട്ട് റോഡിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കാറില്‍ എത്തിയ സംഘം സുകുമാരനെ അടിച്ചു വീഴ്ത്തി മൊബൈല്‍ ഫോണും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അപഹരിച്ചത്. ആക്രമണത്തില്‍ ബോധം നഷ്ടമായ സുകുമാരനെ വഴിയാത്രക്കാര്‍ ആരോ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ സുകുമാരന്റെ ഇടത്തെ തോള്‍ എല്ലു പൊട്ടുകയും തലയ്ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
ദമാം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സുകുമാരനെ വിദഗ്ത ചികിത്സക്കായി നാട്ടിലേക്കു പോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.
