അഷ്ഫാക്കിന്‍റെ നിര്‍ദേശപ്രകാരം അബു അലി എന്നയാള്‍ തന്നെ കൂട്ടാന്‍ എത്തി. എന്നാല്‍, അലി തന്നെ അഷ്ഫാക്കിന്‍റെ അടുത്ത് എത്തിക്കുന്നതിന് മുമ്പ് അഫ്ഗാന്‍ സുരക്ഷ സേന തന്നെ കസ്റ്റഡിയിലെടുത്തു. ആദ്യം താന്‍ അഫ്ഗാനിസ്ഥാന്‍കാരനാണെന്ന് പറഞ്ഞെങ്കിലും ഇന്ത്യക്കാരനാണെന്ന് അവര്‍ കണ്ടെത്തി
ദില്ലി: ഐഎസ് ബന്ധത്തിന്‍റെ പേരില്‍ അഫ്ഗാനിസ്ഥാനില്‍ പിടിയിലായ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ച മലയാളി നഷിദുല്‍ ഹംസഫര്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ നഷിദുലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നഷിദുല്‍ പറഞ്ഞ കാര്യങ്ങളാണ് 'ദി ഹിന്ദു' പുറത്ത് വിട്ടിരിക്കുന്നത്.
2013ല്‍ തന്‍റെ ഉറ്റ സുഹൃത്ത്, യമന്‍-അമേരിക്കന്‍ മതപുരോഹിതന്‍ അന്‍വര്‍ അവ്ലാക്കിയുടെ പ്രസംഗങ്ങള്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തിയത് ജീവിതത്തില്‍ ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കരുതിയിരുന്നില്ലെന്ന് നഷിദുല്‍ പറയുന്നു. ഈ പ്രസംഗങ്ങളാണ് ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം സെപ്റ്റംബറിലാണ് ഇരുപത്തിയാറുകാരനായ നഷിദുലിനെ അനധികൃതമായി രാജ്യത്തേക്ക് എത്തിയതിന് അഫ്ഗാന്‍ തിരിച്ചയ്ക്കുന്നത്. 2016ല്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ചേരാനായി അഫ്ഗാനിലേക്ക് പോയ മലയാളി സംഘത്തിനൊപ്പം നഷിദുലിന്‍റെ സുഹൃത്ത് ഷിഹാസും ഉണ്ടായിരുന്നു.
ഇറാന്‍ വഴിയാണ് ഇവര്‍ അഫ്ഗാനിലെത്തിയത്. നഷിദുലിന്‍റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ഷിഹാസ് ഐഎസിന്‍റെ മീഡിയ സംഘത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു സുഹൃത്തായ അഷ്ഫാഖിന് കുടിയേറ്റങ്ങളുടെ ചുമതലയാണുള്ളത്. ഇറാനിലെ ടെഹ്റാനില്‍ എത്തിയ നഷിദുലിനെ ഷിഹാസ് അയച്ച അജ്ഞാതനായ ആള്‍ ഇസാഫ്ഹാനിലെത്തിച്ചു.
ഇതിനായി 450 ഡോളര്‍ നല്‍കി. അനധികൃതമായി എത്തിയവരെ ഇറാനില്‍നിന്ന് നാടുകടത്തുന്ന ക്യാമ്പ് ആയിരുന്നു അത്. അവിടുത്തെ അധികൃതരോട് താന്‍ അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാന്‍ സ്വദേശിയാണെന്ന് പറഞ്ഞു. അജ്ഞാതനായ ആള്‍ നല്‍കിയ വിവരങ്ങളാണ് നല്‍കിയത്. അന്ന് രാത്രി ആ ക്യാമ്പില്‍ കഴിച്ചു കൂട്ടി.
തൊട്ടടുത്ത ദിവസം അവര്‍ തന്നെ അഭിമുഖം ചെയ്യുകയും വിരലടയാളങ്ങള്‍ അടക്കമുള്ളവ ശേഖരിക്കുകയും ചെയ്തു. ഇതിന് ശേഷം സംശയം തോന്നിയ അവര്‍ തന്നെ മറ്റൊരു ക്യാമ്പിലേക്ക് അയച്ചു. അതിന് ശേഷം എല്ലാ അഫ്ഗാന്‍ സ്വദേശികളെയും അവര്‍ മടക്കി അയ്ക്കുകയും തന്നെ പാക്കിസ്ഥാനിലേക്കുള്ള മടക്ക വാഹനത്തില്‍ കയറ്റുകയും ചെയ്തു.
താന്‍ പാക്കിസ്ഥാനി ആണെന്നായിരുന്നു അവര്‍ കരുതിയത്. താന്‍ അഫ്ഗാനിയാണെന്ന് അധികൃതരോട് വീണ്ടും അറിയിച്ചു. ഇതോടെ തന്നെ അഫ്ഗാനിലെ നിമ്റുസില്‍ അവര്‍ ഇറക്കിവിട്ടു. അവിടെ നിന്ന് കാബൂളിലെത്തി അഷ്ഫാക്കിനെ ബന്ധപ്പെട്ടു. അഷ്ഫാക്കിന്‍റെ നിര്‍ദേശപ്രകാരം അബു അലി എന്നയാള്‍ തന്നെ കൂട്ടാന്‍ എത്തി.
എന്നാല്‍, അലി തന്നെ അഷ്ഫാക്കിന്‍റെ അടുത്ത് എത്തിക്കുന്നതിന് മുമ്പ് അഫ്ഗാന്‍ സുരക്ഷ സേന തന്നെ കസ്റ്റഡിയിലെടുത്തു. ആദ്യം താന്‍ അഫ്ഗാനിസ്ഥാന്‍കാരനാണെന്ന് പറഞ്ഞെങ്കിലും ഇന്ത്യക്കാരനാണെന്ന് അവര്‍ കണ്ടെത്തി. ഷിഹാസിന്‍റെയും അഷ്ഫാക്കിന്‍റെ യും ചിത്രങ്ങള്‍ തന്നെ സുരക്ഷാ സേന കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് മൂന്ന് മാസത്തേക്ക് അഫ്ഗാന്‍ ഇന്‍റലിജന്‍സ് ജയിലില്‍ തന്നെ അടച്ചു. അവിടെ നിന്ന് യുഎസ് ജയിലായ ബാഗ്രാമിലേക്ക് മാറ്റി. മൂന്ന് മാസത്തെ കസ്റ്റഡിക്ക് ശേഷം തന്നെ ഇന്ത്യയിലേക്ക് മടക്കി അയ്ക്കുകയായിരുന്നുവെന്നും നഷിദുല്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സാക്കിര്‍ നായിക്കിന്‍റെയും ബിലാല്‍ ഫിലിപ്സിന്‍റെയും പ്രസംഗങ്ങളില്‍ ആകൃഷ്ടനാകും മുമ്പ് ന്യൂസിലാന്‍ഡിലേക്ക് പോകാനായിരുന്നു നഷിദുലിന്‍റെ ആഗ്രഹം.
ഈ പ്രസംഗങ്ങള്‍ കേട്ടതിന് ശേഷം മാതാപിതാക്കളോട് ടിവി കാണരുതെന്ന് നഷിദുല്‍ പറഞ്ഞിരുന്നു. കൂടാതെ, അമ്മയോടും സഹോദരിയോടും മുസ്‍ലിം ആചാരപ്രകാരം ശരീരം മറയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളുരുവിലെ ദയാനന്ദ് സാഗര്‍ കോളജില്‍ ബിസിനസ് മാനേജ്മെന്‍റ് ബിരുദ കോഴ്സ് ചെയ്തിരുന്ന നഷിദുല്‍ അത് പാതി വഴി അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഷിഹാസിലൂടെയാണ് ഐഎസില്‍ ചേരാനുള്ള ചിന്തകളിലേക്ക് മാറുന്നത്. നഷിദുലിന്‍റെ സുഹൃത്തുക്കള്‍ സാക്കിര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍റെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവും തമ്മിലുള്ള താരതമ്യമായിരുന്നു മുഖ്യ വിഷയം.
തുടര്‍ന്ന് തങ്ങളുടെ മറ്റൊരു സുഹൃത്തായ ബെസ്റ്റിന്‍ വിന്‍സെന്‍റിനെ മതപരിവര്‍ത്താനം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു. ബെസ്റ്റിനും (യഹിയ) ഭാര്യ മറിയമും ഐഎസില്‍ ചേരാനായി 2016 കേരളത്തില്‍ നിന്ന് പോയവരില്‍ ഉള്‍പ്പെടുന്നവരാണ്.
