മക്കയില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ മത്സരമാണ്. വിവിധ സംഘടനകള്‍ക്ക് കീഴില്‍ നൂറുക്കണക്കിനു ഇന്ത്യക്കാരാണ് സേവന രംഗത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി മക്കയില്‍ ഈ വര്‍ഷവും നൂറുക്കണക്കിനു സന്നദ്ധ സേവകരാണ് രംഗത്തുള്ളത്. വിവിധ സംഘടനകള്‍ക്ക് കീഴില്‍ സൗജന്യ സേവനത്തിനായി അണി നിരന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. തീര്‍ഥാടകര്‍ മക്കയിലെത്തി ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച് തിരിച്ചു പോകുന്നത് വരെ ഇവരുടെ സേവനം ലഭ്യമായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെയും കേരളത്തില്‍ നിന്നുള്ള ആദ്യ സംഘത്തെയും സ്വീകരിക്കാന്‍ സംഘടനകളുടെ മത്സരം എല്ലാ വര്‍ഷവും കാണാം. മധുരവും ഭക്ഷണവും മറ്റും നല്‍കിയാണ് ഈ സന്നദ്ധ സേവകര്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നത്. പ്രത്യേകിച്ച് പ്രായമുള്ള തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമാണ് ഇവരുടെ സാന്നിധ്യം.
ഇന്ത്യ ഫ്രാറ്റെണിറ്റി ഫോറം, കെ.എം.സി.സി, ആര്‍.എസ്.സി, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, വിക്കായ തുടങ്ങിയ സംഘടനകള്‍ക്ക് കീഴിലാണ് ഈ പ്രവര്‍ത്തകര്‍ സേവനം ചെയ്യുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഹറം പള്ളിയില്‍ എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും, തിരക്ക് നിയന്ത്രിക്കാനും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഈ പ്രവര്‍ത്തകരെയാണ് വിവിധ ഭാഗങ്ങളില്‍ നിയോഗിക്കാറുള്ളത്. ഇന്ത്യന്‍ ഹജ്ജ് മിഷനും, സൗദി പോലീസിനും ഏറെ ആശ്വാസമാണ് ഇവരുടെ സേവനം.
