ഉൽവയിൽ മലയാളി വിദ്യാർത്ഥിയുടെ കൊലപാകം പ്രധാനപ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി.   അറസ്റ്റിലാകാനുള്ളത് നയീം എന്ന പ്രതി 

മുംബൈ: നവി മുംബൈ ഉൽവയിൽ മലയാളി വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പ്രധാനപ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി. പ്രതിയെ പിടികൂടുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയതായി ബന്ധുക്കൾ പറയുന്നു. ഈ മാസം ആറാം തീയതിയാണ് വീടിനു സമീപത്തെ സലൂണിൽ വെച്ച് വിശാലിന് തുടയിൽ കുത്തേറ്റ് രക്തം വാർന്ന് മരിക്കുന്നത്.

ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞ കേസിൽ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് വിശദമായ അന്വേഷണം നടന്നത്. തുടർന്ന് വിശാലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശാലിന്റെ സുഹൃത്തുക്കളായ മൂന്നു പ്രതികളെ പിടികൂടിയുകയും ചെയ്തു. സലൂൺ ഉടമ സുൽത്താൻ,സാദ്ദീഖ് ഗനി , പ്രവീൺ എന്നിവരെയാണ് സാംഗ്ലിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. 

സലൂണിൽ വെച്ച് ഉണ്ടായ വാക്കുതർക്കത്തിനിടെ ഗനിയാണ് വിശാലിനെ കുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തർക്കത്തിനിടെ വിശാലിനെ കുത്താൻ പ്രേരിപ്പിച്ചത് നയീമാണെന്ന് സാദ്ദീഖ് ഗനി മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. എന്നാൽ പ്രതി എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടും എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം .അറസ്റ്റിലായ പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.