ഷാര്‍ജയില്‍ ഓടികൊണ്ടിരുന്ന കാറില്‍ നിന്ന്  തെറിച്ച് വീണ് മലയാളി യുവതി മരിച്ചു. ഷാര്‍ജയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുകയായിരുന്ന കാസര്‍ഗോഡ് അടുക്കത്ത് ബയല്‍ സ്വദേശി സുനിതാ പ്രശാന്താണ് മരിച്ചത്. നേരത്തെ കാസര്‍ഗോഡ് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്നു. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാള്‍ സ്വദേശിനി എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സൈദ് റോഡില്‍ വെച്ചാണ് ഇന്ന് അപകടമുണ്ടായത്. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാല്‍ സ്ഥാപനം അടച്ച ശേഷം സുനിത അടക്കമുള്ള നാല് ജീവനക്കാരും സൈദിലേക്ക് പോവുകയായിരുന്നു. സൂസന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. സൈദ് റോഡില്‍ വെച്ച് നല്ല വേഗതയില്‍ ഓടിയിരുന്ന കാറിന്റെ ഡോര്‍ തനിയെ തുറന്ന് സുനിത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും ചെയ്തു. അപകടം സംഭവിച്ചതോടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. 

കാസര്‍കോഡ് നഗരസഭയില്‍ ബി.ജെ.പിയുടെ കൗണ്‍സിലറായിരുന്ന സുനിത, ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്ത് വരികയാണ്. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.