ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് മസ്കറ്റില്‍ മലയാളി ചികിത്സാസഹായം തേടുന്നു. കായംകുളം പുതുപ്പള്ളി സ്വദേശി ജയേഷ് ജനാർദ്ദനൻ ആണ് ചികിത്സ സഹായം തേടുന്നത്.
ഫ്രീ വിസയിൽ ജോലി ചെയ്തു വന്നിരുന്ന ജയേഷിന്റെ രണ്ടു വൃക്കകളും തകരാറിൽ ആയെന്നു കണ്ടത്തിയത് കഴിഞ്ഞ ആറാം തിയതി ആശുപത്രിയിൽ എത്തിയതിനു ശേഷമാണ്. പാൻക്രിയാസിന്റെ പ്രവർത്തനവും തീർത്തും തൃപ്തികരമല്ല. ജയേഷിനെ ഇപ്പോൾ ദിവസേന ഓരോ ഡയാലിസിസിന് വിധേയമാക്കുന്നുണ്ട്. മസ്കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്ന ജയേഷിനെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോയേ മതിയാകു. സ്‌ട്രെച്ചറിന്റെ സഹായത്തോടു കൂടി മാത്രമേ വിമാനത്തിൽ ജയേഷിനെ നാട്ടിൽ എത്തിക്കുവാൻ സാധിക്കുകയുള്ളൂ. അകമ്പടിയായി ഒരു നഴ്സിംഗ് സ്റ്റാഫും ഉണ്ടാവണം. ഇപ്പോൾ ആശുപത്രിയിൽ തന്നെ നല്ല ഒരു തുക ബില്ല് ആയി കഴിഞ്ഞു.
ഇതെല്ലാം തരണം ചെയ്ത് ജയേഷ് നാട്ടിൽ എത്തണമെങ്കിൽ തന്നെ ഇനിയും നല്ലൊരു തുക സാമ്പത്തികമായി വേണ്ടി വരും. ഇപ്പോൾ ജോലി ചെയ്യാനുള്ള ആരോഗ്യം നഷ്ടപെട്ട അവസ്ഥയിലെത്തിയിരിക്കുന്ന ജയേഷ് നാട്ടിൽ തിരിച്ചെത്തി തുടർ ചകിത്സക്കായി സുമനസുകളുടെ പക്കൽ നിന്നും ഉദാരമായ സഹായം ആവശ്യപെടുകയാണ്. 32 വയസ്സ് പ്രായമുള്ള ജയേഷ് 2008ലാണ് മസ്കറ്റിൽ എത്തിയത്. തുടക്കം മുതൽ തന്നെ നല്ല ജോലിയൊന്നുമില്ലാതെ മുന്നോട്ടുപോയ ജയേഷിന് ഇനി ജിവിതത്തിലേക്ക് തിരിച്ച് വരാന്‍ നല്ല കുറേ മനുഷ്യരുടെ കൈത്താങ്ങ് ആവശ്യമാണ്.
