കുവൈറ്റ്: കുവൈറ്റിലെ ആശുപത്രിയില്‍ അടിയന്തര പ്രസവ ശസ്ത്രക്രിയ കാത്തുകിടക്കുന്ന മംഗലാപുരം സ്വദേശിനിക്ക് ഖത്തറില്‍ നിന്ന് മലയാളി യുവാവിന്‍റെ സഹായം. ബോംബെ ഗ്രൂപ്പ് എന്ന അത്യപൂര്‍വയിനം രക്തഗ്രൂപ്പില്‍പെട്ടയാളെ ഖത്തറില്‍ നിന്ന് കുവൈറ്റിലെത്തിച്ചിരിക്കുന്നത് ബ്ലഡ് ഡോണേഴ്‌സ് കേരളയെന്ന മലയാളി സന്നദ്ധ സംഘടനയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരട്ടി സ്വദേശി നിദീഷ് രഘുനാഥാണ് കര്‍ണാടക മംഗളുരു സ്വദേശിനി വിനീത ദയാനന്ദ ഗൗഡയെന്ന യുവതിക്ക് രക്തം നല്‍കാനായി കുവൈത്തിലെത്തിയത്.

കഴിഞ്ഞ 25-ന് അദാന്‍ ആശുപത്രയില്‍ എത്തിച്ചപ്പോഴാണ് ബോംബെ ഗ്രൂപ്പിലെ ഒ പോസിറ്റീവ് രക്തമാണ് യുവതിയുടേത് എന്നറിഞ്ഞത്. തുടര്‍ന്ന് ബ്ലഡ് ഡോണേഴ്‌സ് കേരളുമായി സഹകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലുടെ നടത്തിയ അന്വേഷണത്തിലാണ് ഖത്തറില്‍ ജോലി ചെയ്യുന്ന നിദീഷിലെത്തിയത്. യുവതിയുടെ മറുപിള്ള താഴെയായതിനാല്‍ ശസ്ത്രക്രിയ അത്യാവശമാണന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 1952ല്‍ മഹാരാഷ്ട്രയിലും അതിനോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ഈ രക്തഗ്രൂപ്പുള്ളവരെ കൂടുതലായി കണ്ടെത്തിയത്. അതിനാലാണ് ഇതിനെ ബോംബെ രക്ത ഗ്രൂപ്പ് എന്ന് വിളിക്കുന്നത്.