അരി പഞ്ചസാര, പയര്‍, വെളിച്ചെണ്ണ തുടങ്ങി അവശ്യവസ്തുക്കളടങ്ങിയ 10കിലോ വീതമുള്ള പൊതികളാണ് സോനാപൂരിലെ തൊഴിലാളികള്‍ക്ക്  വിതരണം ചെയ്തത്. 

ദുബായ് : റംസാനോടനുബന്ധിച്ച് ദുബായി സോനാപൂരിലെ ലേബർക്യാംപില്‍ ദുരിത മനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണ പൊതികളുമായി മലയാളി അമ്മമാരെത്തി. എണ്ണൂറോളം തൊഴിലാളികള്‍ക്ക് മലയാളി മംമ്സ് അംഗങ്ങള്‍ ഒരുമാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. ദുബായില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വീട്ടമ്മമാര്‍ ഒന്നിച്ചപ്പോള്‍ സ്വരൂപിക്കാനായത് എണ്ണൂറ് തൊഴിലാളികളുടെ വിശപ്പടക്കാനുള്ള ആഹാരസാധനങ്ങള്‍. അരി പഞ്ചസാര, പയര്‍, വെളിച്ചെണ്ണ തുടങ്ങി അവശ്യവസ്തുക്കളടങ്ങിയ 10കിലോ വീതമുള്ള പൊതികളാണ് സോനാപൂരിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. 

വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ആഹാരസാധനങ്ങള്‍ കരസ്ഥമാക്കി മടങ്ങിയപ്പോള്‍ മലയാളി അമ്മമാർക്ക് നന്ദിപറയാനും മറന്നില്ല. മലയാളി മംമ്സ് മിഡില്‍ ഈസ്റ്റ് കൂട്ടായ്മയിലെ കുടുംബിനികൾ, അവരുടെ അടുക്കളകളിലേക്കുള്ള സാധനങ്ങള്‍ക്കൊപ്പം ഒരു പങ്ക് അധികം കരുതിയപ്പോള്‍ ലക്ഷ്യം യാഥാർത്ഥ്യമായി. ആഘോഷങ്ങൾക്ക് ശേഷവും അന്നം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോമ്പു തുറയ്ക്കായി ഒരുന്നേരത്തെ ഭക്ഷണം നല്കു്ന്നതിനു പകരം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം.