പോക്കറ്റടിക്കാരനെന്ന് സംശയിച്ച് സൗദി പൊലീസ് പിടികൂടിയ മലയാളി വിദ്യാര്‍ഥിയെ മോചിപ്പിച്ചു
ജിദ്ദ: ഉംറ നിര്വഹിക്കുന്നതിനിടെ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് സൗദി പൊലീസ് പിടികൂടിയ മലയാളി വിദ്യാര്ഥിയെ മോചിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശി മഹ്ദി റഹ്മാനെയാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് മോചിപ്പിച്ചത്.
ഏതാനും ദിവസം മുമ്പ് മക്കയിലെ ഹറം പള്ളിയില് ഉംറ നിര്വഹിക്കുന്നതിനിടെയാണ് തിരൂര് സ്വദേശിയായ പതിനഞ്ചു കാരന് ചോലയില് മഹ്ദി റഹ്മാന് പോലീസ് പിടിയിലാകുന്നത്. പോക്കറ്റടിക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്. വിവരമറിഞ്ഞ ഉടന് തന്നെ ജിദ്ദയിലെ ഇന്ത്യന് കോണ്സുല് ജനറല് നൂര് റഹ്മാന് ഷെയ്ഖ് വിഷയത്തില് ഇടപെടുകയും തായിഫിലെ ജുവനൈല് സെന്ററില് വിദ്യാര്ഥി തടവില് കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു.
കോണ്സുലേറ്റ് ഉടന് തന്നെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു നടത്തിയ ചര്ച്ചകളിലൂടെ കഴിഞ്ഞ ദിവസം മഹ്ദി റഹ്മാന് മോചിതനായി. ഇന്നലെ രക്ഷിതാക്കളോടൊപ്പം ഈ വിദ്യാര്ഥി നാട്ടിലേക്ക് മടങ്ങിയതായി കോണ്സുലേറ്റ് അറിയിച്ചു. അതേസമയം മയക്കു മരുന്ന് കടത്ത് കേസില് കഴിഞ്ഞ മാസം ജിദ്ദയില് പിടിയിലായ ഈജിപ്തില് നിന്നുള്ള വൃദ്ധയായ തീര്ഥാടകയും ഇന്നലെ ജയില് മോചിതയായി.
നിരപരാധിയാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായ സാഹചര്യത്തിലാണ് സഅദിയ അബ്ദുസലാം അല് ആസിയുടെ മോചനം. ഉംറയ്ക്ക് വന്ന വൃദ്ധയുടെ ലഗ്ഗേജില് മയക്കുമരുന്ന് വ്യാപാരികള് പതിനേഴായിരം ലഹരി ഗുളികകള് ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇവര്ക്ക് ഉംറ നിര്വഹിക്കാനും മദീന സന്ദര്ശിക്കാനും ഈജിപ്ത് കോണ്സുലേറ്റ് സൗകര്യമൊരുക്കും. ഹറമുകളില് സംശയാസ്പതമായ പ്രവര്ത്തികളില് ഏര്പ്പെടുന്നതിനെതിരെയും വിമാനയാത്രയില് മറ്റുള്ളവരുടെ സാധനങ്ങള് സ്വീകരിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്കുകയാണ് ഈ രണ്ട് സംഭവങ്ങളും.
