ഹാള്‍ടിക്കറ്റില്‍ ഫോട്ടോ മാറ്റിയൊട്ടിച്ച് പരീക്ഷയെഴുതുന്നതിനിടയില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്ന് അഞ്ച് പേരെയും വളാഞ്ചേരി ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്ന് ഒരാളെയുമാണ് ഇന്ന് പിടികൂടിയത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി പരീക്ഷയെഴുതാനെത്തിയവരായിരുന്നു ആറു പേരും.

സമാനമായ സംഭവത്തില്‍ ഇന്നലെയും ആറു പേര്‍ പിടിയിലായിരുന്നു. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പരീക്ഷയെഴുതുന്നതിനിടയിലാണ് ഇന്‍വിജിലേറ്റര്‍മാര്‍ നാലുപേര്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തിയത്. ഇവരെ തട്ടിപ്പ് നടത്താനേല്‍പ്പിച്ച സഹപാഠികള്‍ ഒളിവിലാണ്. കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ പരീക്ഷയെഴുതാനെത്തിയ പകരക്കാരനും യഥാര്‍ത്ഥത്തില്‍ പരീക്ഷയെഴുതേണ്ടയാളും കോട്ടക്കല്‍ പോലീസിന്റെ പിടിയിലായി. പരീക്ഷയെഴുതേണ്ടവര്‍ക്കെതിരെയും ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവങ്ങള്‍ക്ക് പരസ്‌പരം ബന്ധമില്ലെന്നും മറ്റു റാക്കറ്റുകള്‍ ഇതിനു പിന്നിലില്ലെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.