ലോക്‌സഭയില്‍ പാസായ ചരക്ക് സേവന നികുതി ബില്ല് രാജ്യസഭയില്‍ ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. ഇതുള്‍പ്പെടെ ചില പ്രധാന നിയമ നിര്‍മ്മാണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യ തീരുമാനം ഉണ്ടായപ്പോള്‍ ബിജെപി മമതയെ കാര്യമായി എതിര്‍ക്കാത്ത നിലപാടാണ് സ്വീകരിച്ചത്.

തമിഴ്‌നാട്ടിലും ജയലളിതയുടെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനുള്ള തന്ത്രമൊന്നും ബിജെപി പുറത്തെടുത്തില്ല. രണ്ടിടത്തും ബിജെപിയുടെ വോട്ട് വിഹിതം ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഈ വലിയ വിട്ടുവീഴ്ചയ്ക്ക് നരേന്ദ്രമോദിയും അമിത്ഷായും തീരുമാനിച്ചത് കേന്ദ്രത്തിലെ സാഹചര്യം മനസില്‍ കണ്ടാണ്.. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനബില്ലുകള്‍ പാസാക്കാന്‍ ഈ പ്രദേശിക പാര്‍ട്ടികളുടെ സഹകരണം ബിജെപി തേടും.

രാജ്യസഭയില്‍ പന്ത്രണ്ട് എംപിമാര്‍ വീതമാണ് ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ക്കുളളത്.. ഇവരുടെ മാത്രം പിന്തുണ കിട്ടിയാലും ജിഎസ്ടി ബില്‍ പാസാകില്ല. എന്നാല്‍ ജയലളിതയും മമതയും ഒപ്പം വന്നാല്‍ മറ്റ് പ്രാദേശിക പാര്‍ട്ടികളേയും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് മാറ്റാന്‍ മോദിക്ക് കഴിഞ്ഞേക്കും. ദേശീയ തലത്തില്‍ മോദി വിരുദ്ധചേരിയുടെ ശക്തി ഇടിക്കാനും തത്കാലം ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ അദൃശ്യബന്ധം മോദി പ്രയോജനപ്പെടുത്തിയേക്കും.