ബിജെപിയുടെ പരാജയത്തിന് ബംഗാളാണ് വഴി തെളിക്കുക  2019ലെ പൊതുതിരഞ്ഞടുപ്പില്‍ ബിജെപി 100 സീറ്റിലേക്ക് ചുരുങ്ങും

കൊല്‍ക്കത്ത: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ശക്തമായ വിമര്‍ശനവുമായി മമത ബാനര്‍ജി. 2019ലെ പൊതുതിരഞ്ഞടുപ്പില്‍ ബിജെപി 100 സീറ്റിലേക്ക് ചുരുങ്ങുമെന്ന് മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ പരാജയത്തിന് ബംഗാളാണ് വഴി തെളിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

1993 ല്‍ വിക്ടോറിയ ഹൗസിന് പുറത്ത് നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമതാ ബാനര്‍ജി. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുകയെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മിഡ്നാപൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലിക്ക് വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞ് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു മമതയുടെ പരാമര്‍ശം.

2019 മറികടക്കാന്‍ സാധിക്കുമോയെന്ന ഭീതി മൂലമാണ് 2024നെ കുറിച്ച് മോദിയും ബിജെപിയും സംസാരിക്കുന്നതിന് പിന്നിലെന്നും മമത ആരോപിച്ചു. അവിശ്വാസ പ്രമേയം മറികടക്കാനുള്ള അംഗബലം ബിജെപിക്ക് ലോക്സഭയില്‍ ഉണ്ട്, എന്നാല്‍ ജനാധിപത്യത്തില്‍ അവര്‍ വിജയിക്കില്ലെന്ന് മമത പറ‍ഞ്ഞു. ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെ തെറ്റായ തീരുമാനത്തിനു പശ്ചാത്തപിക്കേണ്ടി വരുന്ന സമയം ഏറെ അകലെയല്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.