ബംഗാള്‍: ദില്ലിയിലെ ബിജെപി ആസ്ഥാനമന്ദിരത്തെക്കുറിച്ച് ബിജെപി പൊങ്ങച്ചം പറയുന്നതായതി വെസ്റ്റ് ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു രാഷ്ട്രീയ പാര്‍ട്ടി എല്ലായിപ്പോഴും തങ്ങളുടെ ഇടപെടലുകളില്‍ വിനയം കാണിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വെസ്റ്റ് ബെംഗാളിലെ ബഹ്‍രാപുരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ പൊങ്ങച്ചം പറയുന്നു. അതിനെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് നാണക്കേടാണ് ഉണ്ടാകേണ്ടത്.

 കോടിക്കണക്കിന് രൂപക്ക് മുകളില്‍ ഉണ്ടാക്കിയ കെട്ടിടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇരിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടില്ല. പണത്തിന്‍റെ ശക്തിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അഭിമാനിക്കരുത്. കാരണം ജനാധിപത്യവും ജനങ്ങളുടെ ശബ്ദവും അതുകൊണ്ട് വാങ്ങാന്‍ കഴിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

1.70 ചതുരശ്ര അടിയിലാണ് ദില്ലിയിലെ ബിജെപി ആസ്ഥാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസാണിതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു. മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു മറുപടി നല്‍കി.

പൊതുജനത്തിന്‍റെ പണം തിരിമറി നടത്തിയല്ല കെട്ടിടം പണിതതെന്നാണ് ബിജെപി നല്‍കിയ മറുപടി. തങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് പാര്‍ട്ടി ഓഫീസ് പണിതതെന്നും തങ്ങളുടെ മന്ത്രി പൊതുജനങ്ങളെ പറ്റിച്ച് പണം ഉണ്ടാക്കിയിട്ടില്ലെന്നും ബി സയന്തന്‍ ബസു പറഞ്ഞു.