2011ല്‍ പശ്ചിമബംഗാളിലെ ഇടതുകോട്ട തകര്‍ത്ത് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി കൂടുതല്‍ കരുത്തോടെ രണ്ടാം വട്ടവും മുഖ്യമന്ത്രി പദം ഏറ്റെടുത്തു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മമതാ ബാനര്‍ജിക്കു പുറമെ 41 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിമാരായ അരുണ്‍ജയ്റ്റ്‌ലിയും ബാബുല്‍ സുപ്രിയോയും കേന്ദ്രത്തിന്റെ പ്രതിനിധികളായി ചടങ്ങിനെത്തി. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങിനെത്തി. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തെങ്കിലും സംസ്ഥാന ബി ജെ പി ഘടകം ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സംസ്ഥാനത്തെ അക്രമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, സി പി ഐ എം നേതാക്കളും സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടു നിന്നു. 23 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയ മമതാ ബാനര്‍ജി ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള ഏഴു പേരെ മന്ത്രിമാരാക്കി. സി പി ഐ എമ്മില്‍ നിന്ന് പുറത്തു വന്ന അബ്ദുല്‍ റസാക്ക് മൊല്ലയെ കാബിനറ്റ് മന്ത്രിയായി ഉള്‍പ്പെടുത്തി. നാരദ ഒളിക്യാമറ ദൃശ്യങ്ങളില്‍ പണം വാങ്ങുന്ന നാല് മുന്‍മന്ത്രിമാരെ മമത നിലനിറുത്തി. തമിഴ്‌നാട്ടില്‍ ജയലളിതയുടെ സത്യപ്രതിജ്ഞയില്‍ കാണാറുള്ളത് പോലെ ചില മന്ത്രിമാര്‍ വേദിയില്‍ മമതയുടെ കാല്‍തൊട്ട് വണങ്ങിയത് ശ്രദ്ധേയമായി.