കൊല്‍ക്കത്ത: ഗ്രാമീണ മേഖലയില്‍ ബിജെപി പിടിമുറുക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ മൃദു ഹിന്ദുത്വ നിലപാടിലേക്ക് മാറി മുഖ്യമന്ത്രി മമ്ത ബാനര്‍ജി. താനൊരു സഹിഷ്ണുതയുള്ള ഹിന്ദുവാണെന്ന സൂചനകള്‍ നല്‍കുന്നതാണ് മമതുടെ ഇപ്പോഴത്തെ നടപടികള്‍. 

ഗംഗാസാഗര്‍ സന്ദര്‍ശന വേളയില്‍ കപില്‍ മുനിയുടെ ആശ്രമം സന്ദര്‍ശിക്കുകയും ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്താണ് മമ്ത അവിടെ നിന്ന് മടങ്ങിയത്. മകര സംക്രാന്തി പൂജകള്‍ക്കായി ജനുവരി 14ന് നിരവധി വിശ്വാസികളാണ് ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ എത്തുക

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് മമ്ത എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ആശ്രമ സന്ദര്‍ശനം എന്നാണ് വിലയിരുത്തുന്നത്. മോശം സംഘടനാ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നന മണ്ഡലങ്ങളില്‍ ബിജെപി ഇപ്പോള്‍ മികച്ച വോട്ടിംഗ് ശതമാനമാണ് നേടുന്നത്. ഇതിനെ മറികടക്കുക എന്നതാണ് മമ്ത ബംഗാളില്‍ നേരിടുന്ന വെല്ലുവിളി. 

നേരത്തേ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ സബാങ് തൃണമൂല്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിലും 2016 ല്‍ നേടിയ 5610 വോട്ടുകളില്‍നിന്ന് 37476 വോട്ടുകള്‍ എന്ന മെച്ചപ്പെട്ട നിലയിലേക്ക് ബിജെപി ഉയര്‍ന്നു.