ഇരുപതിലധികം ദേശീയനേതാക്കളെ അണിനിരത്തി മമത നടത്തിയ പടുകൂറ്റൻ റാലി ശക്തിപ്രകടനമായി. രാഹുൽ ഗാന്ധി പ്രതിനിധികളെ അയച്ചപ്പോൾ ഇടതുപക്ഷം വിട്ടുനിന്നു.

കൊൽക്കത്ത: വിശാലപ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തിയ പ്രതിപക്ഷറാലി കൂറ്റൻ ശക്തിപ്രകടനമായി. ഇരുപതിലേറെ ദേശീയനേതാക്കൾ വേദിയിൽ അണിനിരന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൌഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘൻ സിൻഹ, അരുൺ ഷൌരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‍രിവാൾ, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരാണ് വേദിയിലുള്ളത്. 

Scroll to load tweet…

മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും റാലിയുടെ ഭാഗമായി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റാലിക്കെത്തിയില്ലെങ്കിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുൻ ഖർഗെയും അഭിഷേക് സിംഗ്‍വിയും പങ്കെടുത്തു. ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേൽ, മുൻ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും റാലിയിൽ പങ്കെടുത്തു.

ഇടതുപക്ഷ പാര്‍ട്ടികളും ടിആര്‍എസ്, അണ്ണാ ഡിഎംകെ, ബിജെഡി എന്നീ കക്ഷികളും വിട്ടുനിന്നു. റാലിയിൽ നിന്ന് വിട്ടുനിന്ന മായാവതി ബിഎസ്പി പ്രതിനിധിയായി സതീഷ് ചന്ദ്രമിശ്രയെ അയച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് റാലിയുടെ ഭാഗമായതെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. 

Scroll to load tweet…

''ആശയപരമായ പോരാട്ടമാണിത്. അതിനാൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തികഘടന അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിൽ പ്രധാനചർച്ചാവിഷയമാകേണ്ടതുണ്ട്.'' യശ്വന്ത് സിൻഹ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കള്ളൻമാരുടെ യന്ത്രങ്ങളാണെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആരോപിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിലേക്ക് മടങ്ങണമെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.