കോഴിക്കോട്: കലാലോകത്തിന് പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെയാണ് സ്കൂള്‍ കലോത്സവങ്ങള്‍ കടന്നുപോകുന്നതെന്ന് നടന്‍ മാമുക്കോയ. ഒരുപാട് ബിരുദങ്ങളെടുത്ത് മണ്ടന്മാരാകാതെ, സമൂഹത്തിന് എങ്ങനെ പ്രയോജനമാകാന്‍ കഴിയുമെന്നതിനെ കുറിച്ചാണ് പുതുതലമുറ ചിന്തിക്കേണ്ടതെന്നും മാമുക്കോയ കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കലോത്സവ നഗരിയിലെ അനാവശ്യ മത്സരങ്ങളോട് എന്നും മുഖം തിരിച്ചിട്ടേയുള്ളൂ മാമുക്കോയ. കലോത്സവങ്ങള്‍ കോഴിക്കോട്ട് നടന്നപ്പോഴൊക്കെ അന്നത്തെ മന്ത്രിമാരുടെ മുന്‍പില്‍ ഇക്കാര്യം വെട്ടിതുറന്ന് പറഞ്ഞിട്ടുണ്ടെന്നും മാമുക്കോയ ഓര്‍ക്കുന്നു. കലോത്സവത്തിനായി മാത്രം കല പഠിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ സ്കൂള്‍ കലോത്സവങ്ങള്‍ കലയ്ക്ക് എന്ത് നല്‍കുന്നുവെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ബുദ്ധിമുട്ടാണെന്നും മാമുക്കോയ ചൂണ്ടിക്കാട്ടുന്നു.
കലയെ കുറിച്ചും, സംസ്കാരത്തെ കുറിച്ചുമുള്ള ബോധവത്ക്കരണം കൂടിയാകണം കലോത്സവം. ഈ നിലപാട് ചൂണ്ടിക്കാട്ടി പുതുതലമുറയെ ഉപദേശിക്കാനും മാമുക്കോയ മറന്നില്ല. കലോത്സവങ്ങള്‍ കലയ്ക്കും സംസ്കാരത്തിനും പ്രയോജനപ്പെടുന്നുണ്ടോയെന്ന് സംഘാടകരും ആത്മപരിശോധന നടത്തണമെന്ന് മാമുക്കോയ പറഞ്ഞു.

