അറാറിയ (ബീഹാർ): കന്നുകാലി മോഷണം ആരോപിച്ച് ബീഹാറില്‍ 55കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കാബൂള്‍ മിയാന്‍ എന്നയാളെയാണ് മൂന്നൂറോളം പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് വിളിച്ച് കാബൂള്‍ മിയാന്‍റെ മുഖത്തിന് തൊഴിക്കുന്നതിന്റെയും വടികള്‍ക്കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ മൊബൈലിൽ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്‍ഡിടിവിയാണ് ദൃശ്യങ്ങളുൾപ്പടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. 

ഡിസംബർ 29ന് പട്നയിലെ സിമർബാനി ​ഗ്രാമത്തിലാണ് സംഭവം. മുസ്ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ആക്രമിച്ചത്. ഇയാൾ കാബൂള്‍ മിയാന്‍ മർദ്ദിക്കുന്നതിന് ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കുന്നതും മർദ്ദിക്കുന്നതിനൊപ്പം ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽനിന്ന് കേൾക്കാമായിരുന്നു. കാബൂള്‍ മിയാന്റെ പാന്റടക്കം അഴിച്ചുമാറ്റിയു അയാളെ ക്രൂരമായി മർദ്ദിച്ചു. തന്നെ മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും കാബൂള്‍ മിയാന്‍ കൊല്ലപ്പെടുന്നതുവരെ ജനക്കൂട്ടം ഇയാളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിനിടയിൽ ചിലര്‍ വീഡിയോ എടുത്ത് ഓണ്‍ലൈനില്‍ ഇടാന്‍ പറയുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളില്‍ കേള്‍ക്കുന്നുണ്ട്. 

പുറത്തുവന്ന വീഡിയോയിൽ അക്രമികളിൽ ചിലരുടെ മുഖം വ്യക്തമാണ്. സംഭവത്തിൽ പൊലീസ് ഇതുവരേ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 
 
അതേസമയം ഇരയും അക്രമികളും ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറാറിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കെ പി സിംഗ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ബീഹാറില്‍ ആര്‍ജെഡി നേതാവ് ഇന്ദാൽ പസ്വാൻ വെടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ 13 വയസുകാന്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ തുടര്‍ച്ചയായ നടക്കുന്ന ആക്രമങ്ങളിൽ സർക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.