സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി യുാവാവിനെ നാടുകടത്താന്‍ ഉത്തരവിട്ടു

അബുദാബി: സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ബ്ലാക് മെയില്‍ ചെയ്ത് യുവതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവാവിന് അബുദാബി കോടതി ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ തനിക്കെതിരെയുള്ളാ ആരോപണവും ശിക്ഷയും കേട്ട് ഞെട്ടിപ്പോയെന്നാണ് പ്രതി പറയുന്നത്. അബുദാബി അപ്പീല്‍ കോടതിയാണ് സിറിയന്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. എമിറാത്തി യുവതിയുടെ പരാതിയിലാണ് മൊബൈല്‍ ടെക്നീഷനായ യുവാവിനെതിരെ കേസെടുത്തത്.

യുവതിയുടെ സ്വാകാര്യ ചിത്രങ്ങളും വിവരങ്ങളും തന്റെ കൈവശം ഉണ്ടെന്നും, 100,000 ദിര്‍ഹം നൽകിയില്ലെങ്കിൽ ഇവ പുറത്ത് വിടുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. യുവതിയുടെ മാതാവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഭീഷണി തുടർന്നപ്പോൾ എമിറാത്തി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഖാലിയാദ് ഭാഗത്തുള്ള ഒരു മൊബൈല്‍ കടയിൽ യുവതി തന്‍റെ ബ്ലാക്ക്ബെറി ഫോൺ നൽകിയിരുന്നു. ഇവിടെ നിന്ന് ഇയാള്‍ തന്‍റെ സ്വകാര്യ ചിത്രങ്ങളും കോണ്ടാക്ട് നമ്പറുകളും പകര്‍ത്തുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ആരോപണം കേട്ട് താന്‍ ഞെട്ടിയെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്. താന്‍ മൊബൈല്‍ ടെക്നീഷ്യനല്ലെന്നും താനാണ് കടയുടെ ഉടമെയെന്നും യുവാവ് പറഞ്ഞു. പരാതി ഉന്നയിച്ച യുവതിയെ അറിയില്ലെന്നും അവരുടെ ഫോണ്‍ തന്‍റെ കടയില്‍ കൊണ്ടുവന്നിട്ടില്ലെന്നും വാദിച്ചു. എന്നാല്‍ ഇയാളുടെ വാദങ്ങള്‍ തള്ളിയ കോടതി ഇയാളെ മൂന്ന് വര്‍ഷം തടവിനും തുടര്‍ന്ന് നാട് കടത്താനും വിധിക്കുകയായിരുന്നു.