കിട്ടുന്ന പണം ഇയാൾ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു 2008 മുതൽ തട്ടിപ്പ് നടത്തിയതിനു കണ്ണൂർ,കോഴിക്കോട്, കാസർകോഡ് ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ  നിലവിലുണ്ട്

കൊച്ചി: പത്രപരസ്യങ്ങളിലൂടെ വിവാഹാലോചന നടത്തി പണവും സ്വർണവും കവർന്ന വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. പയ്യന്നൂർ സ്വദേശി ബിജു ആന്‍റണിയാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. പുനർവിവാഹത്തിന് പരസ്യം നൽകി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു പണവും സ്വർണവും കവരുന്നതായിരുന്നു മുപ്പത്തിയെട്ടുകാരനായ ബിജുവിന്റെ രീതി.

മലപ്പുറം സ്വദേശിയായ യുവതിയുമായി ഇത്തരത്തിൽ അടുപ്പത്തിലായ ഇയാൾ കഴിഞ്ഞമാസം വടുതലയിൽ താമസം തുടങ്ങുകയും ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വർണവുമായി കടന്നു കളയുകയും ചെയ്തു. ഇതിനിടെ കോട്ടയം സ്വദേശിയായ യുവതിയെ കബളിപ്പിച്ചും 45,000 രൂപ കൈക്കലാക്കി.

പരിചയപ്പെട്ട യുവതികളുടെ പേരിൽ എടുക്കുന്ന സിം കാർഡ് മാറി മാറി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അതിനാൽ സൈബർ സെല്ലിന്റെ അന്വഷണത്തിലും ബിജു ആന്റണിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കൽപ്പറ്റയിൽ നിന്ന് പിടികൂടുകയായിരുന്നു.

കിട്ടുന്ന പണം ഇയാൾ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു 2008 മുതൽ തട്ടിപ്പ് നടത്തിയതിനു കണ്ണൂർ,കോഴിക്കോട്, കാസർകോഡ് ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.