വാഹനപരിശോധനയ്ക്കിടെ ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗിനുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.  

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മെക്സിക്കൻ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗിനുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

ക്രിസ്തുമസ് ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. അധികസമയ ഡ്യൂട്ടിയിലായിരുന്ന റോണിലിനെ ആയുധാരിയായ ഗുസ്താവ് പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ് വിണ ഉടനെ വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി റോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമേരിക്കയിൽ അനധികൃതമായി എത്തിയതാണ് ഗുസ്താവ്. സംഭവത്തിൽ ഗുസ്താവയുടെ സഹോദരനെയും സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്സിക്കോയിലേക്ക് കടക്കുന്നതിനായി ഗുസ്താവോയെ സഹായിച്ചെന്ന് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ച കേസിൽ സ്ത്രീ ഉൾ‌പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇതിനുമുമ്പ് രണ്ട് തവണ ഗുസ്താവോയെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ദക്ഷിണ പസഫിക്കിലെ ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് റോണിലിന്‍റേത്. 2011ലാണ് റോണിൽ ന്യൂമാന്‍ പൊലീസിൽ അംഗമാകുന്നത്. അനാമികയാണ് ഭാര്യ. അഞ്ച് വയസുള്ള മകനുണ്ട്.