പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടിയിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് ഉപേന്ദ്രകുമാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്

പൂനെ: ജമ്മു കശ്മീരിലെ പുല്‍വാമയലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കായി രാജ്യം തേങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൂനെ ലോണാവാലയിലെ ശിവാജി ചൗക്കില്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കിയ ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗ് (39) എന്നയാളെയാണ് പിടികൂടിയത്.

ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഉപേന്ദ്രകുമാര്‍. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടിയിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് ഉപേന്ദ്രകുമാര്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.

ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നുവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 വരെ കസ്റ്റഡിയില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം.