ദില്ലി: വിമാനമാര്‍ഗം വിദേശകറന്‍സി കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. 'ഉപ്പുമാവ്' പാത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.29 കോടി രൂപയുടെ വിദേശകറന്‍സിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. പൂനെ വിമാനത്താവളം വഴി ദുബായിലേക്ക് പോകാനെത്തിയവരാണ് രണ്ട് വ്യത്യസ്ത കേസുകളില്‍ പിടിയിലായത്. 

ഞായറാഴ്ചയാണ് സംഭവം. നിഷാന്ത് വൈ, എച്ച്.രാംഗലാനി എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷാ ഓഫീസര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നിഷാന്തിന്റെ കൈവശമുണ്ടായിരുന്ന ചൂടുപാത്രത്തില്‍ ഉപ്പുമാവ് കരുതിയിരുന്നു. എന്നാല്‍ പാത്രത്തിന് ഭാരക്കൂടുതല്‍ അനുഭവപ്പെട്ടതോടെ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.

 86,600 യു.എസ് ഡോളറും 15,000 യൂറോയുമാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തി രംഗലാനിയുടെ പക്കലും 'ഉപ്പുമാവ്' കരുതിയിരുന്നു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശമിരുന്ന പാത്രത്തില്‍ നിന്ന് 86,200 യൂ.എസ് ഡോളറും 15,000 യൂറോയും പിടിച്ചെടുത്തു.