ഇടുക്കി ഉപ്പുതോട് സ്വദേശി അമല്‍ കെ തങ്കച്ചന്‍(21) ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. 'പിഡിഎഫ് ലൈബ്രറി' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്.  

കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ തങ്കച്ചന്‍(21) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. 'പിഡിഎഫ് ലൈബ്രറി' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്. 

ഒ. വി. വിജയന്‍, ബഷീര്‍, മാധവിക്കുട്ടി, ബെന്യാമിന്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. പ്രസാധകരുടെ പരാതിയെത്തുടര്‍ന്നാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പൊലീസ് സിഐടി ആര്‍ ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് പ്രതിയെ പിടികൂടിയത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ച കേസില്‍ ഏഴാമത്തെ അറസ്റ്റാണിത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.