തൃശൂര്‍: പരിഹാര പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. മുണ്ടൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയായ പൂങ്കോട്ടില്‍ വീട്ടില്‍ സന്തോഷാണ്(35) പോലീസ് പിടിയിലായത്. രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വീട്ടിനടുത്തുള്ള ചാത്തന്‍ സ്വാമി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരിഹാര പൂജ ചെയ്യുമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ആകര്‍ഷിക്കുകയായിരുന്നു.
ജ്യോതിഷികള്‍ എഴുതുന്ന ചാര്‍ത്ത് പ്രകാരം പരിഹാര ക്രിയകള്‍, കുട്ടികളില്ലാത്തവര്‍ക്ക് സന്താന സൗഭാഗ്യം, ഭര്‍ത്താക്കന്മാരുടെ മദ്യപാനം ഇല്ലാതാക്കല്‍ തുടങ്ങിയ വ്യാജ പ്രചാരണങ്ങളിലായിരുന്നു ലൈംഗിക ചൂഷണം.
പൂജയ്ക്കായി കേരളത്തിലെയും അന്യനാട്ടിലെയും ഒട്ടേറെ ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ സന്തോഷിന്റെ അടുത്തെത്തുന്ന സ്ത്രീകളുടെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നും പൂജകള്‍ നടത്തി കുടുംബത്തെ നശിപ്പിക്കുമെന്നും പറഞ്ഞായിരുന്നു പീഡനം. ജ്യോതിഷ മാസികകളില്‍ പരസ്യം നല്‍കിയാണ് പ്രതി ആളുകളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്.
18 വര്‍ഷങ്ങളായി ഇയാള്‍ ചൂഷണം തുടങ്ങിയിട്ട്. പേരാമംഗലം സി.ഐ ബി സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
