കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി വന്ന തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി ചെങ്കോട്ട സ്വദേശി ഉസൈൻ ഖാനാണ് കൊട്ടാരക്കര ആന്റി നാർക്കോട്ടിക്ക് സെല്ലിന്റെ പിടിയിലായത്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പുനലൂർ കോളേജ് പരിസരത്ത് കഞ്ചാവ് വിതരണം ചെയ്തതിന് ശേഷമാണ് ഇയാൾ കൊട്ടാരക്കര എസ്‍ജി കോളേജിനടുത്തെത്തിയത്. ഈ സമയത്താണ് ഹുസൈനെ നാർക്കോട്ടിക് സെൽ അംഗങ്ങൾ പിടികൂടിയത്. ഇയാളിൽ നിന്നും നാൽപ്പത് പൊതി കഞ്ചാവ് കണ്ടെടുത്തു.
വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് സംഘടിപ്പിക്കുന്ന കഞ്ചാവ് പൊതി ഒന്നിന് മുന്നൂറ് രൂപനിരക്കിലാണ് വിതരണം ചെയ്തിരുന്നത്. ഇയാൾക്ക് കഞ്ചാവ് നൽകുന്നവരെകുറിച്ചും ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെകുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
