തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിൽ എട്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ചാവക്കാട് സ്വദേശി ദിലീപിനെയാണ് തൃശൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. സംസ്ഥാനത്ത് നിരോധനമുള്ള പാക്കറ്റിലാക്കിയ പുകയില ഉത്പന്നങ്ങളുടെ ശേഖരമാണ് കൊടുങ്ങല്ലൂരില്‍ നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തത്. 

ചാവക്കാട് സ്വദേശി ദിലീപിന്‍റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ കോതകുളത്തെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറ്റി നാല്‍പ്പത് കിലോ ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. ദിലീപിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ബംഗലൂരുവില്‍ നിന്ന് മൊത്തമായി വാങ്ങിക്കൂട്ടുന്ന പുകയില ഉത്പന്നങ്ങൾ രഹസ്യമായി കടത്തിക്കൊണ്ടുവന്ന് കൊടുങ്ങല്ലൂര്‍ മേഖലയിൽ ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറിയിരുന്നയാളാണ് പിടിയിലായത്.

പാക്കറ്റ് ഒന്നിന് മൂന്നൂറ് രുപ നിരക്കിലാണ് ഇവ വാങ്ങിയതെന്ന് പ്രതി പറയുന്നു. ജില്ലയില്‍ അടുത്തകാലത്ത് നടന്ന നിരോധിത പുകയില വേട്ടയിൽ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ പിടിച്ചെടുത്ത സംഭവമാണിത്. പന്ത്രണ്ട് ചാക്കുകളിലായി ആകെ പതിനെണ്ണായിരം കവര്‍ ഹാന്‍സാണ് കണ്ടെത്തിയത്.സംസ്ഥാനത്തെ സ്കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ചെറുകിട വില്‍പനക്കാരെ കണ്ടെത്തിയാണ് വിപണനം.തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.വി റാഫേലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ റെയ്ഡ്.