കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ജനുവരി 16 നു പട്ടാപ്പകല്‍ 20 പവന്‍ മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സില്‍ നിന്നും 20 പവന്‍ മോഷ്ടിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം തോട്ടക്കാര ശ്രീകൃഷ്ണ വിലാസത്തില്‍ സജീവ് പിടിയിലായി. കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ജനുവരി 16 നു പട്ടാപ്പകല്‍ 20 പവന്‍ മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ 30 വര്‍ഷത്തോളമായി മോഷണരംഗത്തുള്ള ഇയാൾ കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലെ പ്രതിയാണ്. പകല്‍ സമയങ്ങളില്‍ ആളില്ലാത്ത ക്വാര്‍ട്ടേഴ്സും, ഫ്ലാറ്റുകളും കെന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം നടത്തി വന്നിരുന്നത്. മോഷണത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ സൈബര്‍ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. അനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.