ബംഗളൂരു: പശുവിനെ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കർണാടകത്തിലെ ഉടുപ്പിയിൽ ഒരാളെ ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി. ഉടുപ്പിയിലെ ബിജെപി പ്രവത്തകനായ പ്രവീൺ പൂജാരിയെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.സംഭവത്തിൽ പതിനേഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് വാനിൽ മൂന്ന് പശുക്കളുമായി പോകുകയായിരുന്ന പ്രവീൺ പൂജാരിയും സുഹൃത്ത് അക്ഷയ്നിയും ഉടുപ്പി ജില്ലയിലെ ഹെബ്രിക്കടുത്ത് കജികെ എന്ന സ്ഥലത്ത് വച്ച് ഹിന്ദു ജാഗരൺ വെദിക എന്ന സംഘടനയുടെ ഒരു സംഘം പ്രവർത്തകർ തടഞ്ഞത്.
വാനിലുള്ള പശുക്കളെ അറുക്കാൻ കൊണ്ടുപോകുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് പ്രവീണിനേയും അക്ഷയിനേയും വാനിൽ നിന്ന് ഇറക്കി ക്രൂരമായി മർദ്ദിച്ചു.ഗുരുതരമായി പരിക്കേറ്റ പ്രവീൺ ബ്രഹ്മാവാറിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഹിന്ദു ജാഗരൺ വേദികയുടെ പതിനേഴ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഉടുപ്പി എസ്പി ബാലകൃഷ്ണ അറിയിച്ചു.
ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമമഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾ നിർദ്ദേശം നൽകിയതിന് പിന്നാലെ ബംജ്റംഗ്ദളിനെ സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
