റാഞ്ചി: ഭാര്യയെ കൊന്നതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍. എന്നാല്‍ അതേ സമയം വീട്ടില്‍ അത്യാഹിതം നടന്നെന്നും അതിന്‍റെ ഉത്തരവാദി അച്ഛനായിരിക്കാമെന്നും പറഞ്ഞ് മകള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു. ജാര്‍ഖണ്ഡിലെ ഹസരിബാഗ് ജില്ലയിലാണ് സംഭവം.
കേന്ദ്ര മൈന്‍ പ്ലാനിങ്ങ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലര്‍ക്ക് വിനോദ് പതക്കാണ് ഭാര്യ അനു പതക്കിനെ കൊന്നത്. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. ഈസമയം ഇവരുടെ രണ്ടുമക്കള്‍ ഉറക്കത്തിലായിരുന്നു. മൂത്തമകള്‍ വഴക്കിനെ തുടര്‍ന്ന് അയല്‍ വീട്ടിലേക്ക് പോയി. ഇതിനുശേഷം ഭാര്യയെ തലയറുത്ത് കൊന്നതിന് ശേഷം ഇവരുടെ ശരീരം കട്ടിലിന്‍റെ ഉള്ളിലെ അറയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച അയല്‍വീട്ടില്‍ നിന്ന് തിരിച്ചെത്തിയ മകള്‍ ക്രിത അമ്മയെ അന്വേഷിച്ചപ്പോള്‍ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാതായെന്ന പരാതി നല്‍കുകയായിരുന്നു. ഈ സമയത്താണ് മകള്‍ വിളിക്കുന്നത്. തുടര്‍ന്ന് വിനോദുമായി പൊലീസ് വീട്ടിലെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ശരീരം കണ്ടെത്തി.
