ദില്ലി: ദില്ലിയിലെ താമസസ്ഥലത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യക്തിയെ സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ കഷ്ണങ്ങളായി മുറിച്ച നിലയില്‍. ഒക്ടോബര്‍ ഒന്‍പതിന് കാണാതായ വിപന്‍ ചന്ദ് ജോഷിയുടെ മൃതദേഹമാണ് സുഹൃത്ത് ബാദലിന്‍റെ ദില്ലിയിലെ മെഹ്റൌലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഒക്ടോബര്‍ 12 നാണ് വിപിനെ കാണാതായെന്ന പരാതി സഹോദരന്‍ പൊലീസില്‍ നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് ജോലി കഴിഞ്ഞ് രണ്ട് പേരും ഒന്നിച്ചിറങ്ങിയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടു പേരും ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്നും മനസിലായി.

ദില്ലിയിലെ ഒരു റെസ്റ്റോറന്‍റിലാണ് വിപിനും സുഹൃത്തും ജോലി ചെയ്തിരുന്നത്. ബാദലിന്‍റെ വീട്ടിലാണ് അവസാനമായി രണ്ട് പേരും കൂടിക്കാഴ്ച നടത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഭാര്യയുടെയും കുട്ടിയുടെയും കൂടെ താമസിച്ചിരുന്ന ബാദല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അവരെ വെസ്റ്റ് ബംഗാളിലെ വീട്ടിലേക്ക് തിരിച്ച് അയച്ചിരുന്നു. ബാദലിനെ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസാണ് പകുതി അടഞ്ഞ ഫ്രിഡ്ജില്‍ കറുത്ത കൂടില്‍ വിപിന്‍റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.