തന്‍റെ നോമ്പ് മുറിച്ച് സൈനികന്‍റെ നവജാത ശിശുവിനെ രക്ഷിച്ച് യുവാവ്

പറ്റ്‌ന : തന്‍റെ നോമ്പ് മുറിച്ച് സൈനികന്‍റെ നവജാത ശിശുവിനെ രക്ഷിച്ച് യുവാവ്. പിറന്ന് രണ്ട് നാളിനുള്ളില്‍ തന്നെ ആരോഗ്യനില വഷളായ നവജാത ശിശുവിന്‍റെ ജീവനാണ് പാറ്റ്നയിലെ അഷ്ഫാഖ് എന്ന യുവാവ് തന്‍റെ വ്രതം മുറിച്ച് രക്ഷിച്ചത്. സംഭവം ഇങ്ങനെ,ര്‍ഭാംഗയിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലായിരുന്നു കുഞ്ഞിന്‍റെ പിറവി. അത്യാഹിത വിഭാഗത്തിലായിരുന്ന കുട്ടിക്ക് അപൂര്‍വ ഗ്രൂപ്പായ ഒ നെഗറ്റീവ് രക്തമായിരുന്നു വേണ്ടിയിരുന്നത്.

ആശുപത്രിയില്‍ രക്തം ലഭ്യമായിരുന്നില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും ഒ നെഗറ്റീവുകാരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ രക്തം ആവശ്യപ്പെട്ട് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ അറിയിപ്പ് കണ്ട അഷ്ഫാഖിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് തിരിച്ച് രക്തം നല്‍കാനുള്ള സന്നദ്ധതയറിയിച്ചു. എന്നാല്‍ റംസാന്‍ വ്രതത്തിലായിരുന്നു അഷ്ഫാഖ്.

ഭക്ഷണം കഴിക്കാതെ രക്തം എടുക്കുക സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയെന്നത് മാത്രമാണ് അന്നേരത്തെ ലക്ഷ്യമെന്നതിനാല്‍ അഷ്ഫാഖ് മറ്റൊന്നും ചിന്തിച്ചില്ല. രക്തം നല്‍കേണ്ടതിനാല്‍ വ്രതം മുറിച്ച് ഭക്ഷണം കഴിച്ചു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ രക്തമെടുത്തത്. ഇപ്പോള്‍ കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുകയാണ്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് അഷ്ഫാഖ് പറയുന്നു. അരുണാചല്‍ സ്വദേശിയായ സൈനികനായ രമേഷ് സിംഗിന്‍റെയും ആര്‍തി കുമാരിയുടെയും കുട്ടിയുടെ ജീവനാണ് അഷ്ഫാഖ് രക്ഷിച്ചത്.