തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി. ഇന്ന് കാലത്താണ് സംഭവം. സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി നിന്ന് വലിയ കമ്പ് താഴെയുള്ള റോഡിലേക്ക് വെട്ടിയിടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് എത്തി താഴെയിറങ്ങാന്‍ പറഞ്ഞെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. പിന്നീട്, ഫയര്‍ഫോഴ്‌സ് എത്തി നാടകീയമായി ഇയാളെ കയറില്‍ കെട്ടി താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എന്തിനായിരുന്നു പ്രതിഷേധം എന്ന കാര്യത്തിലും വ്യക്തത വന്നില്ല.
ഇയാള്‍ മുകളില്‍നിന്ന് താഴേക്കിട്ട കടലാസുകളില്‍ തന്റെ പേര് ചെട്ടിക്കുളങ്ങര കടവൂര്‍ മുറിയില്‍ കണ്ടന്‍ തറയില്‍ വിമല്‍രാജ് ആണെന്നു പറയുന്നു. രോഗബാധിതനായ തനിക്ക് ചികില്‍സാ സഹായത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ മരത്തില്‍ കയറുന്നതെന്നും താന്‍ മരിച്ചാല്‍ ശവം ആശുപത്രിക്കാര്‍ക്ക് കൊടുക്കണമെന്നും ആ കടലാസുകളില്‍ പറയുന്നു.
