പാലക്കാട്: പ്രണയബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് മര്‍ദ്ധനമേറ്റ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ സ്വദേശി വടക്കൂട്ട് കളത്തില്‍ വീട്ടില്‍ സോമന്റെയും സതിയുടെയും മകന്‍ സുധീഷിനെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധീഷ് പ്രണയിയ്ക്കുന്ന പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങള്‍ ബന്ധത്തിന്റെ പേരില്‍ ഇയാളെ കഴിഞ്ഞ ദിവസം കാരറയില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ക്ക് പുറമെ പ്രദേശവാസിയായ അനീഷ് എന്നയാളും സുധീഷിനെ തല്ലിയതായി ആരോപണമുണ്ട്. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുധീഷിന്റെ അച്ഛന്‍ സോമന്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഏറെ നാളായി ചികിത്സയിലാണ്. ഇന്നലെ സോമനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അനീഷ് മര്‍ദ്ദിച്ചത് ഏറെ വിഷമമുണ്ടാക്കിയെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അഗളി പോലീസ് അന്വേഷണമാരംഭിച്ചു.
