ബെംഗളൂരു: പൊലീസ് ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണ്ണാടകയിലെ സാലിഗ്രാം സ്വദേശി ധനരാജാണ് (22) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജനുവരി 18 ന് വിഷം കഴിച്ച ധനരാജിനെ മൈസൂരിലെ കെ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച മരണപ്പെട്ടു.

ധനരാജിന്‍റെ മരണത്തെ കുറിച്ച് സഹോദരന്‍ അഭിഷേക് പറയുന്നതിങ്ങനെ.വര്‍ക്ക്ഷോപ്പ് ജീവനക്കാരന് ധനരാജ് പണം കടം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഇത് തിരിച്ച് തരാന്‍ തയ്യാറാകാതിരുന്നതോടെ ധനരാജ് ബലമുപയോഗിച്ച് വാങ്ങുകയായിരുന്നു. ധനരാജ് വര്‍ക്ക്ഷോപ്പിലെ ഒരു കാറില്‍ നിന്ന് മ്യൂസിക്ക് സിസ്റ്റ്ം മോഷ്ടിച്ചു എന്നോരോപിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ഇതേതുടര്‍ന്ന് പൊലീസ് ധനരാജിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ച് വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുകയായിരുന്നു വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍. ഈ വീഡിയോ വൈറലായി മാറിയതോടെ വിഷമം സഹിക്കാനാവാതെ ധനരാജ് വിഷം കഴിക്കുകയായിരുന്നു എന്ന് അഭിഷേക് പറയുന്നു.