ലഖ്നൗ: പെണ്‍കുട്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം 20 കാരനായ കപിലിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാരോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ഒരുതെറ്റും ചെയ്തിരുന്നില്ലെന്നും വീഡിയോ പ്രചരിച്ചതില്‍ അതീവ ദുഖിതനായിരുന്നെന്നും യുവാവിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.  പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.