സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് പൊട്ടലില്ലെന്ന് കണ്ടെത്തി.

കായംകുളം: കാലിന് വേദനക്ക് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ യുവാവിന്‍റെ കാലിന് പൊട്ടലുണ്ടന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു. ദിവസങ്ങള്‍ക്ക് ശേഷം സംശയം തോന്നി എക്‌സറേയുമായി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് പൊട്ടലില്ലെന്ന് കണ്ടെത്തി. ഡോക്ടര്‍മാര്‍ പ്ലാസ്റ്റര്‍ നീക്കം ചെയ്ത് യുവാവിനെ പറഞ്ഞുവിട്ടു. പുതുപ്പള്ളി സ്വദേശി ശ്യാംകുമാര്‍ (25) ആണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്. 

ദേശീയപാതയോരത്തെ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കുമെതിരെ യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ 30 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. ഇദ്ദേഹം ബൈക്കില്‍ സഞ്ചരിയ്ക്കവെ പെട്ടെന്ന് കാല്‍ നിലത്ത് കുത്തിയപ്പോള്‍ വേദന അനുഭവപ്പെട്ടു. അടുത്ത ദിവസമായിട്ടും വേദനയ്ക്ക് കുറവില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അവിടെതന്നെ എക്‌സറേ എടുക്കുകയും ചെയ്തു. എക്‌സറേ പരിശോധിച്ച ഡോക്ടര്‍ കാലിന് പൊട്ടലുണ്ടെന്നും പ്ളാസ്റ്റര്‍ ഇടണമെന്നും പറഞ്ഞു. 

പ്ലാസ്റ്റര്‍ ഇട്ട ശേഷം രണ്ടാഴ്ച കഴിഞ്ഞ് പ്ലാസ്റ്റര്‍ മാറ്റി പുതിയ പ്ളാസ്റ്റര്‍ ഇടാന്‍ വരണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇന്ന് എക്‌സറേ ഫിലിമുമായി കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദനെ കാണാനെത്തിയപ്പോഴാണ് കാലിന് കുഴപ്പമില്ലന്ന് കണ്ടെത്തിയത് ഉടന്‍ തന്നെ പ്ളാസ്റ്റര്‍ നീക്കം ചെയ്ത് യുവാവിനെ പറഞ്ഞയച്ചു. നല്ലൊരു തുകയും സ്വകാര്യ ആശുപത്രിയില്‍ ചിലവായതായി ശ്യാം കുമാർ പറഞ്ഞു.