Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയുടെ കൊലപാതകം; ഒരാള്‍ പിടിയില്‍

Man custody for Athirambuzha murder
Author
First Published Aug 4, 2016, 3:03 PM IST

കോട്ടയം: കോട്ടയം അതിരമ്പുഴയിൽ ഗര്‍ഭിണിയെ കൊലപ്പെടുത്തി റബര്‍ തോട്ടത്തിൽ തള്ളിയ കേസിലെ പ്രതിയെ പൊലീസ് കസ്ററഡിയിലെടുത്തു. ഗാന്ധി നഗര്‍ നാല്‍പാത്തിമലയിൽ താമസിക്കുന്ന ബഷീറെന്ന വിളിക്കുന്ന ഖാദര്‍ യൂസഫാണ് കസ്റ്റഡിയിലായത്. യുവതിയെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ നാളെ ഡി.എന്‍.എ പരിശോധന നടത്തും.

ആഗസ്റ്റ് 1 നാണ് ചാക്കില്‍കെട്ടിയ നിലയില്‍ ഗര്‍ഭണിയായ യുവതിയുടെ മൃതദേഹം അതിരുമ്പുഴ പാറോലിക്കൽ ഐക്കര കുന്നില്‍ കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം രാവിലെ എട്ടു മണിയോടെ നാട്ടുകാരാണ് ആദ്യം കണ്ടത് . വഴിയോരത്ത് റബര്‍ തോട്ടത്തില്‍ കിടക്കവിരിയും അതിൽമേൽ ആശുപത്രിയിൽ ഉപയോഗിക്കുന്ന  വിരിപ്പും  കൊണ്ട് പൊതിഞ്ഞ ശേഷമാണ് മൃതദേഹം ചാക്കിൽ കെട്ടിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തലയ്ക്ക് പിന്നിലേറ്റ അടിയാണ് 9 മാസം ഗര്‍ഭിണിയായ യുവതിയുടെ മരണത്തിന് കാരണമായത് . കൊലയാളിയെയും കൊല്ലപ്പെട്ടയാളെയും തിരിച്ചറിയാനാവാതെ കുഴങ്ങിയ പൊലീസിന്‍റെ മുന്നിൽ തുമ്പായത് മൃതദേഹം പൊതിയാനുപയോഗിച്ച പോളിത്തീന്‍ കവറാണ്.  ആശുപത്രി സാമഗ്രികളെത്തിയ കൊറിയര്‍ പൊതിയാനുപയോഗിച്ച  കവറിലാണ്  മൃതദേഹം പൊതിഞ്ഞു കെട്ടിയത് . ഇതിലുണ്ടായിരുന്ന ബാര്‍കോഡ് പ്രതിയിലേക്കുള്ള വഴിയൊരുക്കി. ഇതോടെ കേസിന്‍റെ ചുരളഴിഞ്ഞു .

പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ നേരത്തെ കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം വഴിവിട്ട ബന്ധത്തിലേയ്ക്ക് മാറി . യുവതി ഗര്‍ഭിണിയായി . വീടു വിട്ടിറങ്ങിയ യുവതിയെ ഇയാള്‍ പലയിടത്തും പാര്‍പ്പിച്ചു .പല തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിച്ചു . പക്ഷേ യുവതി വഴങ്ങിയില്ല . ഇതിലെ രോഷമാണ് കൊലപാതകത്തിൽ കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ .

ഇയാളുടെ ഭാര്യ വിദേശത്താണ് . വിവാഹിതനെന്ന കാര്യം മറച്ചുവച്ചാണ് യുവതിയുമായി പ്രതി അടുപ്പത്തിലായത് . അടിച്ചിറ സ്വദേശിയാണ് യുവതിയെന്ന വിവരം പൊലീസിനുണ്ടെങ്കിലും പിതാവ് സംശയം പ്രകടിപ്പിച്ചു .ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധനയ്ക്ക് തീരുമാനിച്ചത് . ‍ഡി.എൻ.എ ഫലം വരുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇരട്ട കൊലപാതകത്തിനാകും  കേസ് . യുവതിയെ കൊലപ്പെടുത്തിയതു കൂടാതെ കുഞ്ഞിനെ കൊലപ്പെടുത്തിയതിനെതിരും കേസെടുക്കും.

 

Follow Us:
Download App:
  • android
  • ios