ഇക്കഴിഞ്ഞ 13നാണ് സംഭവം നടക്കുന്നത്. 'വില്ലീസ് ചിക്കന്‍ ഷാക്ക്' എന്ന ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെന്ന ഭാവത്തിലാണ് ഇയാള്‍ എത്തിയത്

ന്യൂ ഓര്‍ലീന്‍സ്: ചോദ്യം ചെയ്യലിനിടെ പൊലീസിനെ കുഴപ്പിച്ച് ഹോട്ടലില്‍ ബോംബ് ഭീഷണയുമായെത്തിയ ആള്‍. ഹോട്ടലിലേക്ക് കയറിച്ചെന്ന് ബോംബ് വച്ച് തകര്‍ക്കാന്‍ പോവുകയാണെന്ന് മാനേജറോട് പറഞ്ഞുവെന്ന കേസിലാണ് മുപ്പതുകാരനായ ആര്‍തര്‍ പോസെ പിടിയിലായത്. 

എന്നാല്‍ ദൃക്‌സാക്ഷികള്‍ ഉള്‍പ്പെട്ട സംഭവം അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ് ഇപ്പോള്‍ പോസെയുടെ പെരുമാറ്റം. ഇക്കഴിഞ്ഞ 13നാണ് സംഭവം നടക്കുന്നത്. 'വില്ലീസ് ചിക്കന്‍ ഷാക്ക്' എന്ന ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെന്ന ഭാവത്തിലാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് നേരെ അടുക്കളയിലേക്ക് ഇടിച്ചുകയറി. തൊപ്പിയും ജാക്കറ്റുമെല്ലാം ധരിച്ച് അടുക്കളയിലേക്ക് കയറിവന്ന അപരിചിതനെ കണ്ട് അമ്പരന്നുനിന്ന മാനേജറോട് താന്‍ ഹോട്ടല്‍ ബോംബ് വച്ച് തകര്‍ക്കാന്‍ പോവുകയാണെന്ന് പോസെ പറഞ്ഞു. 

മാനേജറും പാചകക്കാരനും ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കേസിലെ സാക്ഷികള്‍. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ പോസെ നല്‍കുന്ന മറുപടിയാണ് പൊലീസിനെ കുഴപ്പിക്കുന്നത്. തനിക്ക് വയറിന് സുഖമില്ലെന്നും 'ബാത്ത്‌റൂമില്‍ പോയി തകര്‍ക്കു'മെന്നുമാണ് അന്ന് പറഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് ആവര്‍ത്തിച്ച് പറയുന്നത്. 

അതേസമയം പോസെ കള്ളം പറയുകയാണെന്നും വിഷയം ഗുരുതരമാണെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ അവകാശപ്പെടുന്നത്. ഇനി നുണപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് പ്രതിയെ വിധേയനാക്കാണ് കോടതി നിര്‍ദേശിക്കുന്നത്.