ദില്ലി: 20 കാട്രിഡ്ജുകള്‍ നിറയെ വെടിയുള്ളകളുമായി ദില്ലി മെട്രോ ട്രെയിനില്‍ കയറാനെത്തിയ 33 വയസുകാരനെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ പിടികൂടി. ആദര്‍ശ് നഗര്‍ സ്റ്റേഷനിലാണ് ഉത്തര്‍പ്രദേശിലെ മുറാദാബാദ് സ്വദേശിയായ ഗംഗാറാം എന്നയാള്‍ പിടിയിലായത്.

സുഹൃത്തിനും സുഹൃത്തിന്റെ ഭാര്യക്കുമൊപ്പം ദില്ലിയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇവരുടെ ബാഗുകള്‍ പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്ദ്യോഗസ്ഥരാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. തനിക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് ഗംഗാറാം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. ലൈസന്‍സ് രേഖകള്‍ മൊബൈല്‍ ഫോണില്‍ ഉദ്ദ്യോഗസ്ഥരെ കാണിച്ചു. യഥാര്‍ത്ഥ രേഖകള്‍ മുറാദാബാദിലെ തന്റെ വസതിയിലാണെന്നും ഇയാള്‍ അവകാശപ്പെട്ടു. വെടിയുണ്ടകള്‍ എന്തിന് കൊണ്ടുവന്നുവെന്ന ചോദ്യത്തിനും ഇയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അയാളുടെ ഭാര്യയെയും പോകാന്‍ അനുവദിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് താനെന്നാണ് ഗംഗാറാം പൊലീസിനോട് പറഞ്ഞിരിക്കുന്നത്.