കൊല്ലം: അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് തമിഴ്‌നാട് ആശുപത്രിയില്‍ കഴിയുകയായിരുന്ന മലയാളി വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആനക്കോട്ടൂര്‍ കുന്നത്തഴികത്തുവീട്ടില്‍ മുരുകദാസ് (48) ആണ് ബന്ധുക്കള്‍ എത്താന്‍ വൈകിയതുമൂലം വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. 

അപകടത്തില്‍ പരിക്കേറ്റ മുരുകദാസിന് വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ ബന്ധുക്കളുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇതിനായി മധുര പൊലീസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും മുരുകദാസിന്റെ മേല്‍വിലാസവും നിലവിലെ സാഹചര്യവും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളെ വിവരമറിയിക്കാന്‍ കൊട്ടാരക്കര പൊലീസ് അധികൃതര്‍ തയ്യാറായില്ല.

18 തവണയാണ് മധുര സ്റ്റേഷനിലെ അറമുഖന്‍ എന്ന പൊലീസ് ഓഫീസര്‍ കൊട്ടരാക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരംമറിയിച്ചത്. അപ്പോഴെല്ലാം അറിയിക്കാമെന്ന് പറയുകയല്ലാതെ ബന്ധുക്കളെ കണ്ടെത്തി വിവരം പറയാന്‍ പൊലീസ് അധികൃതര്‍ മെനക്കെട്ടില്ല. അവസ്ഥ മോശമായതിനെ തുടര്‍ന്ന് മുരുകദാസിന്റെ അപകടം പറ്റിയ കാല്‍ മുറിച്ചുമാറ്റേണ്ടിയിരുന്നു. ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. ഗുരുതരാവസ്ഥയിലെത്തിയ മുരുകദാസ് 28ന് രാവിലെ 11 ഓടെ മരിച്ചു. 

ഒടുവില്‍ ജനുവരി 29ന് അറമുഖന്‍ നേരിട്ട് മുരുകദാസിന്റെ വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിക്കുമ്പോഴാണ് ഇവര്‍ മുരുകദാസിന് സംഭവിച്ച അപകടത്തെ കുറിച്ച് അറിയുന്നത്. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും പൊലീസ് അനാസ്ഥകൊണ്ടാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും വ്യക്തമാക്കി മുരുകദാസിന്റെ ഭാര്യ തങ്കമണി കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. 

ജനുവരി 25ന് മധുര ക്ഷേത്രദര്‍ശനത്തിന് എത്തിയ മുരുകദാസിനെ രാത്രി 11 ഓടെ ടിപ്പര്‍ ലോറി ഇടിയ്ക്കുകയായിരുന്നു. അപകടം പറ്റി, കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ മധുര പൊലീസാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അപകട സമയത്ത് ബോധമുണ്ടായിരുന്ന മുരുകദാസാണ് വീട്ടിലെ മേല്‍വിലാസം പൊലീസിന് കൈമാറിയത്. ഈ വിലാസത്തില്‍ വിവരം നല്‍കാനാവശ്യപ്പെട്ടാണ് മധുര പൊലീസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ നിരന്തരം വിളിച്ചതും. 

അതേസമയം അന്നേ ദിവസം പൊലീസ് സ്റ്റേഷനില്‍ അരെല്ലാമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് പരിശോധിച്ച് സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി ബി അശോകന്‍ പറഞ്ഞു.