ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം: ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്. 

വേണുഗോപാലൻ നായർ ആർഎസ്എസ് പ്രവർത്തകനെന്ന് മരുമകൻ ബിനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. വേണുഗോപാലൻ നായർക്ക് ശബരിമല സ്ത്രീ പ്രവേശത്തിൽ ദു:ഖമുണ്ടായിരുന്നു. സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.