പാതിവഴിയില്‍ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ലായതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്യണ്ടി വന്നു. എന്നാല്‍ യാത്രക്കാര്‍ തമ്മില്‍ അടിയാകാന്‍ ഉണ്ടായ കാരണമാണ് രസകരം.
ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലാണ് യാത്രമധ്യേ കൂട്ടത്തല്ലുണ്ടായത്. ഇതിനെ തുടര്‍ന്ന് വിമാനം വിയന്നയില്‍ ഇറക്കേണ്ടി വന്നു. വിമാനയാത്രക്കാരില്‍ ഒരാള്‍ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സഹയാത്രികര്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ തുടര്‍ച്ചയായി അധോവായു വിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
യാത്രക്കാരന്റെ പ്രവര്‍ത്തി ശല്യപ്പെടുത്തുന്നതാണെന്ന് നിരവധി തവണ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും യാത്രക്കാരന്‍ അത് പരിഗണിക്കാതെ വന്നതോടെയാണ് സഹയാത്രികര്‍ ചൂടായത്. ഡച്ചുകാരനായ ഒരു യാത്രക്കാരനാണ് പ്രശ്നത്തിന് കാരണം. വിയന്നയില്‍ ഇറക്കിയ ട്രാന്‍സാവിയ വിമാനത്തില്‍ നിന്ന് നെതര്‍ലന്‍ഡ് സ്വദേശിയെ വിമാനത്താവളത്തിലിറക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്.
എന്നാല്‍ താന്‍ നേരിടുന്ന അസുഖത്തെ തുടര്‍ന്നാണ് അത്തരത്തില്‍ പെരുമാറേണ്ടി വന്നതെന്നും ,യാത്രക്കാരെ ശല്യപ്പെടുത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഇയാള്‍ വിശദമാക്കുന്നു.
