ബോളിവുഡ് സിനിമകളെ വെല്ലും ത്രില്ലടിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ഒരു റസ്റ്റോറന്റിൽ അരങ്ങേറിയത്. ഹോട്ടലിലേക്കെത്തിയ അക്രമി ക്യാഷ് കൗണ്ടറിൽ ഇരുന്ന ഹോട്ടൽ ഉടമയെ വെടിവച്ച് കൂളായി നടന്നുപോയി.
സുൽത്താൻപൂർ: ബോളിവുഡ് സിനിമകളെവെല്ലും ത്രില്ലറാണ് ഉത്തർപ്രദേശിലെ ഒരു റസ്റ്റോറന്റിൽ അരങ്ങേറിയത്. റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൂളായി നടന്നുപോകുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ അവന്തിക റസ്റ്റോറന്റിൽ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.
റസ്റ്റോറന്റ് ഉടമയായ അലോക് ആര്യയ്ക്ക് നേരെയാണ് പ്രതി നിറയൊഴിച്ചത്. ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന അലോകിന് നേരെ
പ്രതി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്നും വ്യക്തമാണ്. രാവിലെ റസ്റ്റോറന്റിൽ വെച്ച് പാഴ്സലിനെചൊല്ലി പ്രതിയും ജീവനക്കാരനും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെതുടർന്നാണ് പ്രതി അലോകിനുനേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് തവണയാണ് പ്രതി ഉടമയ്ക്ക് നേരെ നിറയൊഴിച്ചത്. തുടർന്ന് നടന്നുനീങ്ങിയ പ്രതിയെ റസ്റ്റോറന്റ് ജീവനക്കാര്‍ പിടികൂടാൻ ശ്രമിച്ചു. എന്നാല്‍ തോക്ക് കൈവശമുള്ളതിനാല്‍ ജീവനക്കാർ പേടിച്ച് പിൻമാറുകയായിരുന്നു. സാരമായി പരിക്കേറ്റ അലോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
